April 9, 2013

ขอบคุณ ครับ (കാപ്പ് ഖൂണ്‍ ക്രാപ്പ് )


തായ്‌ലാന്‍ഡ്‌ ട്രിപ്പിലെ അവസാന ദിനങ്ങളില്‍ ഒന്നാണ് ഞങ്ങള്‍ നൈറ്റ്‌ മാര്‍ക്കറ്റില്‍ പോകാന്‍ തീരുമാനിച്ചത്. ഇന്ത്യക്കാര്‍ എന്ന് പറയാന്‍ ഞങ്ങള്‍ 5 മലയാളികള്‍. ഞാനും, ഹാനോക്കും പഞ്ചാബില്‍ നിന്ന്, ബെസിലിച്ചായാനും, റീജ ചേച്ചിയും ഹിമാചലില്‍ നിന്ന്, വിജിച്ചായന്‍ ആന്ധ്രയില്‍ നിന്ന്... (ആരും കേരളവാസികള്‍ അല്ല.) കൂട്ടത്തില്‍ മുന്‍പ് ചിയന്ഗ് മയ്യില്‍ വന്നിട്ടുള്ള വിജിച്ചായന്‍ ആണ് BigC സൂപ്പര്‍മാര്‍ക്കറ്റില്‍ പോകാം എന്ന് നിര്‍ദേശിച്ചത്. അങ്ങനെ ഞങ്ങള്‍ മാര്‍ക്കെറ്റില്‍ നിന്നും ഷോപ്പിംഗ്‌ കഴിഞ്ഞു മടങ്ങുമ്പോള്‍ ആണ് ഈ കുറിപ്പിന് ആധാരമായ സംഭവം അരങ്ങേറുന്നത്.

സമയം രാത്രി പത്തര. കുവാന്ഗ് റോഡില്‍ ഞങ്ങള്‍ ടാക്സി കാത്തു നില്‍ക്കുന്നു; പരസ്പരം മലയാളത്തില്‍ തമാശ പറഞ്ഞു കൊണ്ട്. മാര്‍ക്കറ്റില്‍ നിന്ന് റിട്ടേണ്‍ പോകുന്ന ഒരു ടാക്സി ഞങ്ങളുടെ മുന്‍പില്‍ വന്നു നിര്‍ത്തി. ബെസിലിച്ചായാന്‍ ചോദിച്ചു : “ഡോയി സാകെറ്റ്‌ റോഡ്‌?”
“സവാത് ഡീ, 200 ബാത്ത്.” താരതമേന്യ കുറഞ്ഞ നിരക്ക്. ഒരാള്‍ക്ക് 40 ബാത്ത്, അതായതു 80 രൂപാ. ഞങ്ങള്‍ ഹൊറൈസണ്‍ റിസോര്‍ട്ടിന്റെ പേര് പറഞ്ഞതും അയാള്‍ പറഞ്ഞു : “പായ് ലെവോ, മ കാവോ.. ഐ നോ, കം കം..” (ഞാന്‍ അവിടെ പോയിട്ടുണ്ട്. വരൂ, കയറൂ..) അയാള്‍ ഇറങ്ങി വന്നു ഞങ്ങളുടെ ബാഗ്‌ എടുത്തു വണ്ടിയില്‍ വെച്ച്. എന്നിട്ട് എന്‍റെ അടുക്കല്‍ വന്നു പതുക്കെ പിറുപിറുക്കും പോലെ എന്തോ പറഞ്ഞു : “യൂ ഫ്രണ്ട് മിസ്റ്റര്‍ ചന്ദ്രന്‍, കണ്ണൂര്‍....”


വണ്ടിയില്‍ കേറി ഞാന്‍ കൂട്ടുകാരോട് പറഞ്ഞു : “അയാള്‍ എതോ ഒരു ചന്ദ്രനെ കുറിച്ച് പറഞ്ഞ പോലെ തോന്നുന്നു.” അവര്‍ ചിരിച്ചു തള്ളി. “ചന്ദ്രനോ, അതും ഇവിടെ..!” എന്തായാലും സംശയം തീര്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. “കുന്‍ ചെവു റായി? (നിങ്ങളുടെ പേരെന്താ?)” “മായി കോയി ജെയി.” എന്റെ തായ് ഭാഷ പുള്ളിക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു. “യുവര്‍ നെയിം?” ഞാന്‍ ചോദ്യം സിമ്പിള്‍ ഇംഗ്ലീഷില്‍ ആവര്‍ത്തിച്ചു. രക്ഷയില്ല. പിന്നെ ഞാന്‍ ആംഗ്യഭാഷയിലേക്ക് തിരിഞ്ഞു : “മൈ നെയിം ജോഷി. യുവര്‍ നെയിം?” “ശശി... വിട്ടിട്ട് പോടെയ്‌. നിനക്ക് ഒരു പണിയുമില്ലേ?” പിന്‍സീറ്റില്‍ നിന്ന് ഹാനോക്‌. “ആരാ ഈ ശശി?” സംശയം റീജചേച്ചി വക. “എന്റെ വകയില്‍ ഒരു കൂടുകാരന്റെ അളിയന്‍ ആയിട്ട് വരും.” ദൈവമേ, ബെസിലിച്ചായനും കോമഡി അടിക്കുമോ??

“ഡി ചാന്‍ ഹാന്‍ കൊന്ക്.” (എന്‍റെ പേര് ഹാന്‍ കൊന്ക്.) അയാള്‍ക്ക് മനസ്സിലായി തുടങ്ങി. “നാം, നാം...” “കണ്ടോ, ജോഷി അയാളെ ഹിന്ദി പഠിപ്പിച്ചു. അയാള്‍ നാം എന്നൊക്കെ പറയാന്‍ തുടങ്ങി.” വിജിച്ചായന്‍ ആണ്. “മേരാ ഹാന്‍ കൊന്ക് നാം..” അയാളുടെ അടുത്ത ഡയലോഗില്‍ ഞെട്ടിയത് ഞങ്ങള്‍ ആയിരുന്നു. “യു ഫ്രം ഇന്ത്യ? ഇന്ത്യ ഗുഡ് കണ്‍ട്രി. ഐ ലവ് ഇന്ത്യ പീപ്പിള്‍.” തലയാട്ടിയപ്പോഴും ഞെട്ടല്‍ മാറിയില്ല.

“മൈ ഫ്രണ്ട് മിസ്റ്റര്‍ ചന്ദ്രന്‍ ഫ്രം ഇന്ത്യ. സൗത്ത്‌ കേരള. കന്നൂര്‍. വീ ടുഗെതെര്‍ ഇന്‍ ബാങ്കോക്ക് 2 ഇയര്‍സ്.” അയാള്‍ക്ക് ആവേശം. “ഓ, ചന്ദ്രന്‍ ഈസ്‌ ഹിസ്‌ ഫ്രണ്ട്.” എന്നെ ചൂണ്ടി കാണിച്ചു ബെസിലിച്ചായാന്‍ പറഞ്ഞു. “ഒഹ്, യു നോ ചന്ദ്രന്‍. ചന്ദ്രന്‍ ഗുഡ്‌ മാന്‍. ഐ ടീച്ചര് ചന്ദ്രന്‍ ഡ്രൈവിംഗ്. ഔര്‍ കമ്പനി ക്ലോസ്‌ഡ്‌, ചന്ദ്രന്‍ ഗോ ടോ ചൈന. ഐ കം ബാക്ക്‌ ടോ ചാന്‍ങമേയി. നോ ചൈന.” അയാളുടെ വാക്കുകളില്‍ പൂര്‍വ സ്മരണകള്‍.

“വെ ആര്‍ ഫ്രം ചന്ദ്രന്‍സ്‌ പ്ലേയ്സ്, കേരള.” ഞാന്‍ പറഞ്ഞു. “ചന്ദ്രന്‍ ഗിവ് മി റൊട്ടി, പുട്ടി (പുട്ട്?), ചക്ക് (ചക്ക?), മങ്ങി (മാങ്ങ അതോ മങ്കി??).. (തന്നതോ അതോ പറഞ്ഞെന്നോ). ഹിന്ദി.. നമസ്കാര്‍... വെന്‍ ഡ്രിങ്ക് ചന്ദ്രന്‍ കാള്‍ മി പറ്റി, #@%$^$, $&#**@, $%#^@&@....” മലയാളത്തില്‍ ഞങ്ങള്‍ വരെ കേള്‍ക്കാത്ത തെറികള്‍ നല്ല അക്ഷര സ്പുടതയോടെ അയാള്‍ പറഞ്ഞു. അര്‍ഥം അയാള്‍ക്ക് അറിയാത്തത് കൊണ്ട് ഭാഗ്യം. മലയാളം പഠിച്ച തായ് ഡ്രൈവര്‍....  

“ഐ ഗോ ടോ ഇന്ത്യ. ബുദ്ധ പ്ലേയ്സ്. ഐ വില്‍ ഗോ വണ്‍ ഡേ.” ഭാവിയില്‍ അയാള്‍ക്ക് ഇന്ത്യയില്‍ വരാനുള്ള ആഗ്രഹം ഞങ്ങളോട് പങ്കു വെച്ച്. ബുദ്ധന്‍ ജനിച്ച സ്ഥലവും, ഹിമാലയ പര്‍വതവും, ഗംഗാ നദിയും, വാരണാസിയും കാണാനുള്ള മോഹവും. യാത്രക്കിടയില്‍ അയാള്‍ വണ്ടിയില്‍ ഇരുന്ന ആല്‍ബം എടുത്തു കാണിച്ചു. ഭാര്യയും, ഒരു മകനും 2 മകളും അടങ്ങുന്ന സന്തുഷ്ട കുടുംബം. വീട്ടില്‍ ഇന്നും അയാള്‍ ചന്ദ്രന്‍റെ ഫോട്ടോ ഭിത്തിയില്‍ ചില്ലിട്ടു സൂക്ഷിക്കുന്നു, ഒളി മങ്ങാത്ത ആ സൌഹ്രദത്തിന്റെ ഓര്‍മ്മചിത്രം പോലെ.


ഞങ്ങള്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ ഇറങ്ങി. മടങ്ങാന്‍ നേരം അയാള്‍ പറഞ്ഞു :- “ഐ ഗോ ഹൌസ്, ടെല്‍ മൈ വൈഫ്‌. ഐ സോ മൈ ഫ്രണ്ട് ചന്ദ്രന്‍ ഫ്രണ്ട്. യു ടെല്‍ ചന്ദ്രന്‍ യു സീ ഹാന്‍ കൊന്ക്.” ചന്ദ്രനെ കണ്ടു അന്വേഷണം അറിയിക്കാമെന്നും, ചന്ദ്രന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങി തരാമെന്നും മറ്റും നാട്ടിലെ രാഷ്ട്രീയക്കാരെ പോലെ നടക്കാത്ത ചില വാഗ്ദാനങ്ങള്‍ നല്‍കി ഞങ്ങള്‍ പിരിഞ്ഞു. പിരിയാന്‍ നേരം അയാള്‍ പറഞ്ഞു :- “കാപ്പ് ഖൂണ്‍ ക്രാപ്പ്” (നന്ദി...)