June 23, 2016

ആൽക്കെമിസ്റ്റ് വരുത്തി വെച്ച വിന - പൗലോ കൊയ്‌ലോക്ക് അറിയാത്ത കഥ



നാലഞ്ചു വര്ഷങ്ങൾക്ക് മുൻപാണ് ഞാൻ ഈ പുസ്തകത്തെ കുറിച്ച് കേൾക്കുന്നതും, വായിക്കാൻ ആഗ്രഹിച്ചതും. അങ്ങനെ ഒരു ഓൺലൈൻ പോർട്ടലിൽ മലയാളം പരിഭാഷ വാങ്ങാൻ ശ്രമിച്ചപ്പോൾ "ഔട്ട് ഓഫ് സ്റ്റോക്ക്" എന്ന് കണ്ടു ശ്രമം ഉപേക്ഷിച്ചു, അടുത്ത തവണ നാട്ടിൽ പോകുമ്പോൾ വാങ്ങാം എന്ന് കരുതി. അങ്ങനിരിക്കെ 2012 നവംബര് 12ന് ഞാൻ ഡൽഹിയിൽ നിന്ന് ലുധിയാനക്കു മടങ്ങി വരാനായി കാശ്മീരി ഗേറ്റ് ഐ.എസ്.ബി.ടിയിൽ നിന്നു 3:45ന്റെ പൻബസിൽ കേറി ഇരിക്കുമ്പോളാണ് ഒരു പുസ്തകവില്പനക്കാരൻ വന്നത്. വന്ന പാടെ അയാൾ എല്ലാ സീറ്റിലുമായി ബുക്കുകൾ വാരി വിതറി നടക്കുന്നിടെ എന്റെ അരികിൽ വന്നു ഒരു ബുക്ക് മടിയിൽ ഇട്ടു തന്നിട്ട് പറഞ്ഞു - "സാർ, ഇതാ നിങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്ന ബുക്ക്. 40% ഡിസ്‌കൗണ്ട്!!!"
ഇതാണ് ആൽക്കെമിസ്റ്റ് എന്നെ തേടി വന്ന കഥ. (Link to Facebook post - 2012 November 12 - https://m.facebook.com/photo.php?fbid=4992478729947&id=1239009832&set=a.1226000730351.2035537.1239009832)

അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിലൂടെ നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോ എന്ന ഇടയബാലകന്റെ കൂടെയുള്ള യാത്ര എന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിച്ചു.

ഇനി ആൽക്കെമിസ്റ്റ് എനിക്ക് പണി കഥ. സാധാരണയായി ഞാൻ എന്റെ പുസ്തകങ്ങൾ ആർക്കും കൊടുക്കാറില്ല. കാരണം പലപ്പോഴായി വായിക്കാൻ എന്ന് പറഞ്ഞു എന്റെ സുഹൃത്തുക്കൾ വാങ്ങി കൊണ്ട് പോയ പല പുസ്തകങ്ങളും മടങ്ങി എത്താതിരുന്നത് കൊണ്ടാണത്.

പക്ഷെ പതിവിൽ നിന്ന് വിപരീതമായി ഞാൻ ഒരു സുഹൃത്തിനു ഒരു പുസ്തകം കൊടുക്കാൻ തീരുമാനിച്ചു. തലേ മാസത്തെ എന്റെ യാത്രകളിൽ പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ ബന്ധുവിനെ മാർച്ച് ആദ്യവാരം കണ്ടു മുട്ടിയപ്പോളാണ് സുഹൃത്തിനു ഒരു പുസ്തകം സമ്മാനമായി കൊടുത്തു വിടാമെന്നു എനിക്ക് ഒരു ചിന്ത ഉണ്ടായത്. അത് പലർക്കും പ്രചോദനം നൽകിയ ആൽക്കെമിസ്റ്റ് തന്നെയാകുന്നത് ഏറെ ഉചിതമെന്നു കരുതിയ ഞാൻ എന്റെ കൈയ്യിലിരുന്ന ആ അപൂർവ കോപ്പി കൊടുത്തു വിട്ടു.

'Chase your dreams' എന്ന് ആദ്യ പേജിൽ ഓട്ടോഗ്രാഫ് ആയി എഴുതി, ശാലേം രാജാവായ മൽക്കിസാദെക്കും, ആൽക്കെമിസ്റ്റും സാന്റിയാഗോക്ക് നൽകിയ ഉപദേശം ഹൈലൈറ്റ് ചെയ്താണ് ഞാൻ ആ പുസ്തകം സമ്മാനിച്ചത്.
"കുട്ടിക്കാലത്ത് നാം ഉള്ളിന്റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം. എന്തെങ്കിലുമൊന്നു തീവ്രമായി മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍ അത് നടക്കാതെ വരില്ല. കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്റെ വിത്തുകള്‍ പാകുന്നത്. പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി നിങ്ങളുടെ സഹായത്തിനെത്തും. നമ്മുടെ സ്വപ്ന സാക്ഷാത്‌കാരത്തിന് തടസ്സം നിൽക്കുന്നതു യഥാർത്ഥ സ്നേഹമല്ല." പക്ഷെ ഈ ഉപദേശം നാളെ എന്തായി തീരും എന്ന് ഞാൻ അപ്പോൾ ചിന്തിച്ചിരുന്നില്ല.

ഒരു മാസം പ്രായമുള്ള ആ സൗഹൃദം മൂന്നു ദിവസത്തിനുള്ളിൽ അവസാനിച്ചു. അവസാനമായി എന്നെ പ്രകീർത്തിച്ചു ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതി എന്ന് കേട്ടു. അതിൽ പിന്നെ ആ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടിട്ടില്ല. ഇപ്പോൾ ഈ കഥയുടെ പ്രസക്തി എന്തെന്ന് വെച്ചാൽ ഇന്ന് ജൂൺ 23,  ഒരിക്കൽ മാത്രം തമ്മിൽ കണ്ട ആ സുഹൃത്തിന്റെ വിവാഹ ദിവസം 'ആയിരുന്നു'. ജൂണിൽ അവധിക്കു നാട്ടിൽ വരുന്ന ഞാൻ, ആ ചടങ്ങിൽ പങ്കെടുക്കാം എന്ന് ഉറപ്പു കൊടുത്തിരുന്നു. 'ആയിരുന്നു' എന്ന് ഞാൻ പറഞ്ഞപ്പോൾ തന്നെ നിങ്ങള്ക്ക് മനസ്സിലായി കാണും, ആ വിവാഹം നടന്നില്ല. ആൽക്കെമിസ്റ്റിന്റെ ഉപദേശവും, എന്റെ ഓട്ടോഗ്രാഫും ഇത്ര വലിയ പൊല്ലാപ്പ് സൃഷ്ടിക്കുമെന്നു ഞാൻ കരുതിയില്ല.

കോട്ടയത്ത് പുതുതായി തുടങ്ങിയ ഡി.സി. ബുക്സ് ക്രോസ്സ് വേർഡ് ഷോറൂമിൽ പുസ്തകങ്ങൾ നോക്കി കൊണ്ടിരിക്കുന്നപ്പോൾ കൈയ്യിൽ വീണ്ടും ആൽക്കെമിസ്റ്റ് തടഞ്ഞു. കൂടെയുണ്ടായിരുന്ന അനിയന്റെ ചോദ്യം - "എന്താ ഇനി ആർക്കെങ്കിലും അത് പോലെ സമ്മാനം കൊടുക്കാൻ ആണോ?" അയ്യോ, ഇല്ല.. ഒരു അനുഭവം കൊണ്ട് നമ്മൾ ഒരു പാഠം പേടിച്ചു. എന്തായാലും ഈ അനുഭവത്തോടെ ഞാൻ ഇങ്ങനെയുള്ള പുസ്തകങ്ങൾ സമ്മാനമായി നൽകുന്നത് നിർത്തിയിരിക്കുകയാണ്. അതല്ല, ഇത് വായിച്ചു നന്നായേ അടങ്ങൂ എന്ന് വാശി ഉള്ളവർ തന്നെത്താൻ വാങ്ങി വായിക്കുക, നിങ്ങളുടെ സ്വപ്നസാക്ഷാത്‌കാരത്തിനായി പ്രയത്നിക്കുക...

അപ്പൊ ഈ കൈയ്യിലിരുന്ന ബുക്കോ, അതെന്തിനാ എന്ന് നിങ്ങൾ ചോദിച്ചാ... അതിപ്പോ ഒരു കഥ പറയുമ്പോ കൂടെ ഒരു ഫോട്ടോ ഉണ്ടെങ്കി അതിച്ചിരി കളർ ആകുമല്ലോ എന്ന് കരുതി എടുത്തതാ... 2 കൊല്ലം മുൻപ് ഫ്ലിപ്പ്കാർട്ടിൽ നിന്നു വാങ്ങിച്ച മലയാളം ആൽക്കെമിസ്റ്റ് വീട്ടിൽ കിടപ്പുണ്ട് കേട്ടോ... (ചോദിക്കേണ്ട, തരില്ല...!!!)